അബ്രഹാം ലിങ്കണ് തന്റെ മകനെ പഠിപ്പിക്കുന്ന അധ്യാപകന് അയച്ച ലോകപ്രശസ്ത കത്ത്
പ്രിയപ്പെട്ട അധ്യാപകരെ,
ലോകത്തുള്ള ആരും തന്നെ പൂര്ണമായ ആത്മാര്ത്ഥരല്ല. സത്യസന്ധതയുമുള്ളവരല്ല. ഈ സത്യത്തെ നിങ്ങള് അവനു പഠിപ്പിച്ചു കൊടുക്കൂ.
പരാജയത്തെ അംഗീകരിക്കാനും വിജയത്തെ ആഘോഷിക്കാനും നിങ്ങള് അവനു പഠിപ്പിച്ചു കൊടുക്കൂ.
അസൂയയില് നിന്ന് അവന് അകന്നുമാറി നില്ക്കട്ടെ. പക്ഷേ ഇതേ പറ്റി നിങ്ങള് അവനു പഠിപ്പിച്ചു കൊടുക്കാതിരിക്കരുത്.
ചപലവും അഹങ്കാരം നിറഞ്ഞതുമായ സംഭാഷണത്തിന് അടിമപ്പെടുക എന്നത് മനുഷ്യന്റെ ബലഹീനതയാണ് എന്ന കാര്യം അവന് ബാല്യത്തില് തന്നെ മനസിലാക്കിയിരിക്കട്ടെ.
ശ്ളീലവും അശ്ളീലവുമായ പുസ്തകങ്ങളെ പറ്റി ന്ങ്ങള് അവനു പഠിപ്പിച്ചു കൊടുക്കൂ. പുസ്തകങ്ങള് മൂലമുണ്ടാകുന്ന പാതകങ്ങളെ പറ്റി കൂടി നിങ്ങള് അവനെ ബോധ്യപ്പെടുത്തിക്കൊടുക്കുക. മാത്രമല്ല വിശ്വ വിശാലതയില് വട്ടമിട്ടു പറക്കുന്ന തേനീച്ചകള്, സൂര്യന്, ഹരിതാഭമായ മലഞ്ചെരിവുകള്, പൂത്തുലഞ്ഞ് കാറ്റിലാടുന്ന പുഷ്പങ്ങള് എന്നിവയുടെ പ്രകൃതി രഹസ്യങ്ങളെ പറ്റി ആസ്വദിക്കാനും, അവയെപ്പറ്റി അപഗ്രഥിച്ച് ഗവേഷണം നടത്താനും നിങ്ങള് അവനു സമയം അനുവദിച്ചു കൊടുക്കൂ. മറ്റുള്ളവരെ കബളിപ്പിക്കുന്നതിനേക്കാള് നിറഞ്ഞ ഹൃദയത്തോടെ തോറ്റ് പിന്മാറുന്നതാണ് ഉദാത്തമായ കാര്യമെന്ന് നിങ്ങള് അവനു പഠിപ്പിച്ച് കൊടുക്കൂ.
ഭൂരിപക്ഷം ആളുകള് ചേര്ന്ന് നിന്ന് തെറ്റാണ് എന്ന് പറയുന്ന സന്ദര്ഭത്തിലും സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള ആത്മവിശ്വാസം നിങ്ങള് അവനു പകറ്ന്ന് കൊടുക്കൂ. സൌമ്യമായിട്ടുള്ളവരോട് ആദരപൂര് വ്വം പെരുമാറാനും കൌശലക്കാരോട് അതേരീതിയില് പ്രതികരിക്കാനുമുള്ള ആര്ജവം നിങ്ങള് അവനില് ഉണ്ടാക്കിയെടുക്കൂ.
ദു:ഖം വരുന്പോള് അവന് ചിരിക്കട്ടെ. ആതോടൊപ്പം കണ്ണീരൊഴുക്കുന്നത് അപമാനമല്ല എന്നുള്ള കാര്യം അവനെ നിങ്ങളഅ ബോധ്യപ്പെടുത്തിക്കൊടുക്കൂ.
അമിതമായ ഒച്ചപ്പാടുണ്ടാക്കുന്നവരുടെ അടുത്തേക്ക് അവന് ചെവികൊടുക്കാതിരിക്കട്ടെ. തന്റെ മനസ്സിന് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്ക്കെതിരെ പോരാടി ജയിക്കാന് നിങ്ങള് അവനെ പരിശീലിപ്പിക്കൂ.
അവനോട് മധുരോദാരമായി പെരുമാറുവിന്... എന്നുവെച്ച് ഒരുപാട് കൊഞ്ചിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാല് അത്യുഗ്രമായ ചൂടില് ഉരുകിയുരുകി പതം വന്ന ശേഷമാണ് ഉരുക്ക് ലഭിക്കുന്നത്.
എപ്പോഴും എന്തിലും ആകാംക്ഷയുള്ളവനായിരിക്കാന് നിങ്ങള് അവനു ധൈര്യം കൊടുക്കൂ. അതുപോലെ ഒരു ധൈര്യശാലിയായി മാറാന് നിങ്ങള് അവനു പഠിപ്പിച്ചു കൊടുക്കൂ. ആത്മവിശ്വാസത്തില് അവന് അചഞ്ചലമായ വിശ്വാസം ഉണ്ടാക്കിക്കൊടുക്കാന് ശ്രദ്ധിക്കുക. അപ്പോള് മാത്രമേ അവനു മാനവ സമൂഹത്തോട് അചഞ്ചലമായ വിശ്വാസത്തോടുകൂടി ഇടപെടാന് സാധിക്കുകയുള്ളൂ.
ഇപ്പറഞ്ഞതെല്ലാം പ്രവൃത്തിപഥത്തില് കൊണ്ടുവരുവാന് വളരെ പ്രയാസമുള്ള കാര്യങ്ങളാണെന്നറിയാം. എങ്കിലും നിങ്ങളാല് ആവുന്ന വിധത്തില് ചെയ്യാന് ശ്രമിക്കൂ. അതുമതി.
എന്തുകൊണ്ടെന്നാല് നിഷ്കളങ്കനായ എന്റെ മകന് ചെറിയവനാണല്ലോ.
-എബ്രഹാം ലിങ്കണ്.

No comments:
Post a Comment